റീഷ്മ ദാമോദര്‍
അപകടത്തില്‍ ഒരു കാല്‍ നഷ്ടമായിട്ടും ജീവിതവിജയത്തിലേക്ക് നൃത്തച്ചുവടുകളുമായി കയറിച്ചെന്ന സുധാ ചന്ദ്രന്റെ അതിജീവനകഥ...
മൂന്നാം വയസ്സില്‍ നൃത്തം മോഹിച്ചവള്‍. ചിലങ്കയുടെ താളമായിരുന്നു അവള്‍ക്ക് കളിക്കൂട്ടിനുണ്ടായിരുന്നത്. ഏഴാംവയസ്സില്‍തന്നെ അരങ്ങേറ്റം. പിന്നെ, 75-ഓളം വേദികളില്‍ ആ പെണ്‍കുട്ടി നൃത്തമാടി. എന്നാല്‍, ഈ സന്തോഷമെല്ലാം തല്ലിത്തകര്‍ക്കാന്‍ വിധി കെണിയൊരുക്കി കാത്തിരിക്കുകയായിരുന്നു, ഒരു ബസ്സപകടത്തിന്റെ രൂപത്തില്‍. ആ അപകടം വലതുകാല്‍ എടുത്തെങ്കിലും അവള്‍ തളര്‍ന്നില്ല. നഷ്ടപ്പെട്ടതിനെയോര്‍ത്ത് വിലപിച്ചുമില്ല. ഇരിങ്ങാലക്കുടയിലെ കെ.ഡി. ചന്ദ്രന്റെയും പാലക്കാട് കുഴല്‍മന്ദം സ്വദേശി തങ്കത്തിന്റെയും മകള്‍ ജീവിതത്തിലേക്കും പിന്നീട് നൃത്തത്തിലേക്കും തിരികെ ചുവടുവെച്ചു.
''ഈശ്വരന്‍ എനിക്ക് വിജയത്തിലേക്കുള്ള വഴി തുറന്നത് ഒരു ദുരന്തത്തിലൂടെയാണെന്നു മാത്രം.'' സുധാ ചന്ദ്രന്‍ പറയുന്നു.
അതെപ്പോഴായിരുന്നു?
വയസ്സു പതിനേഴ്. ഒരുപാട് സ്വപ്‌നങ്ങളും പ്രതീക്ഷകളുമായി നടക്കുന്ന പ്രായം. നൃത്തത്തില്‍ ഉയരങ്ങളില്‍ എത്തണമെന്നായിരുന്നു എന്റെ ആഗ്രഹം. അപ്പോഴാണ് അപ്രതീക്ഷിതമായി അപകടം ഉണ്ടായത്. എന്റെ എല്ലാ സ്വപ്‌നങ്ങളും അവസാനിച്ചതുപോലെ തോന്നി.
പക്ഷേ, ഇപ്പോള്‍ തോന്നുന്നു, എനിക്ക് വെറും അഞ്ചു ശതമാനമേ നഷ്ടപ്പെട്ടിട്ടുള്ളൂ, നേടിയത് 150 ശതമാനവും. ഇടയ്ക്ക് ഞാന്‍ ചിന്തിക്കും, അന്നങ്ങനെയൊന്നും സംഭവിച്ചില്ലായിരുന്നുവെങ്കില്‍ ജീവിതത്തെ ഇത്ര സീരിയസ്സായി കാണുമായിരുന്നില്ലെന്ന്.
എങ്ങനെയാണ് ആ ദിവസങ്ങളെ നേരിട്ടത്?
81-ലായിരുന്നു ആ ബസ് അപകടം. ട്രിച്ചിയിലെ ക്ഷേത്രത്തില്‍ പോയി മടങ്ങുകയായിരുന്നു ഞങ്ങള്‍. എല്ലാവരും രക്ഷപ്പെട്ടു. എനിക്ക് മാത്രമായിരുന്നു പരിക്ക്. സുഖപ്പെടുമായിരുന്ന മുറിവായിരുന്നു അത്. പക്ഷേ, ഡോക്ടറുടെ അനാസ്ഥയും എന്റെ സമയദോഷവും. ആ മുറിവ് പഴുത്തു. അങ്ങനെ വലതുകാല്‍ മുറിച്ചു മാറ്റേണ്ടിവന്നു. മരവിച്ചതുപോലൊരവസ്ഥയായിരുന്നു ആദ്യം. ഇനി എന്തിനുവേണ്ടി ജീവിക്കണമെന്ന തോന്നല്‍.
ഒന്നും ചെയ്യാനില്ലാത്ത ദിവസങ്ങള്‍. വെറുതെയിങ്ങനെ കിടക്കുമ്പോള്‍ ഞാന്‍ ചിന്തിക്കും 'ഈശ്വരാ എന്തുകൊണ്ടാണെനിക്ക് ഈ വിധി വന്നത്.' ഒറ്റയ്ക്കിരുന്ന് കുറെ കരയും. പക്ഷേ, മറ്റുള്ളവരുടെ മുന്‍പില്‍ ഞാനൊരിക്കലും കരയുന്ന മുഖം കാണിച്ചിട്ടില്ല.
ആറുമാസം ബെഡ്ഡില്‍തന്നെ കിടന്നു. അതിനിടയിലാണ് പത്രത്തില്‍നിന്ന് ഡോ. സേഥിയെക്കുറിച്ച് കേള്‍ക്കുന്നത്, അദ്ദേഹത്തിന്റെ ജയ്പൂര്‍ കാലുകളെക്കുറിച്ചും. ആ കാലുകള്‍ വെച്ച് കൃഷിക്കാരും തെങ്ങുകയറ്റക്കാരും വരെ ജോലി ചെയ്യുന്നുണ്ടെന്നു കേട്ടപ്പോള്‍ പ്രതീക്ഷയായി. അങ്ങനെ ഞങ്ങള്‍ ഡോക്ടറെ കാണാന്‍ ജയ്പൂരിലെത്തി. അദ്ദേഹത്തെ കണ്ടയുടന്‍ ഞാന്‍ ചോദിച്ചത്, 'എനിക്ക് നൃത്തംചെയ്യാന്‍ കഴിയുമോ?' എന്നായിരുന്നു. 'കൃഷിപ്പണിക്കാര്‍ക്കും തെങ്ങുകയറ്റക്കാര്‍ക്കും അവരുടെ ജോലി ചെയ്യാമെങ്കില്‍ സുധയ്‌ക്കെന്തുകൊണ്ട് നൃത്തം ചെയ്തുകൂടാ', അദ്ദേഹം ചോദിച്ചു. ജീവിതത്തിലെ സന്തോഷമെല്ലാം തിരിച്ചുവരുന്നതുപോലെ. നിറഞ്ഞ സദസ്സിനു മുന്‍പില്‍ നൃത്തംചെയ്യുന്ന സുധാ ചന്ദ്രനെ ഞാന്‍ വീണ്ടും സ്വപ്‌നം കണ്ടു. അങ്ങനെ കൃത്രിമക്കാലില്‍ നൃത്തംചെയ്തുതുടങ്ങി. പക്ഷേ, പ്രതീക്ഷിച്ചത്ര എളുപ്പമായിരുന്നില്ല ഒന്നും.
ഒരു ചുവട് വെക്കുമ്പോഴേക്കും കടുത്ത വേദന എന്നെ തളര്‍ത്തി. പിന്നെ മുറിവില്‍നിന്ന് ചോര വരാനും തുടങ്ങി. കുറെ നേരം വിശ്രമിച്ച് വീണ്ടും ശ്രമിക്കും. നൃത്തം പഠിച്ചുതുടങ്ങുന്ന ഒരു കൊച്ചുകുട്ടിയെപ്പോലായിരുന്നു ഞാന്‍. കൃത്രിമക്കാല്‍ ചര്‍മത്തില്‍ ഉരയുമ്പോഴുള്ള വേദനയും ഒന്നും ചെയ്യാന്‍കഴിയുന്നില്ലല്ലോയെന്ന സങ്കടവും. എത്രയോ രാത്രികളില്‍ ഉറങ്ങാതെ കഴിച്ചുകൂട്ടി. പലരും പറഞ്ഞു, 'എന്തിനാ വെറുതെ വേദന സഹിക്കുന്നത്. നൃത്തമൊന്നും ഇനി വേണ്ടായെന്ന്.' പക്ഷേ, എനിക്ക് വാശിയായിരുന്നു. നൃത്തം മാത്രമായിരുന്നു മനസ്സില്‍. എന്റെ സ്വപ്‌നം എന്തു വിലകൊടുത്തും നേടണമെന്ന ആഗ്രഹവും. എല്ലാം പോസിറ്റീവ് മൈന്‍ഡോടെ കാണാന്‍ ശ്രമിച്ചു. അങ്ങനെ രണ്ടരവര്‍ഷം.
ഒടുവില്‍ ആ ദിവസമെത്തി. വഡാലയിലെ എസ്.ഐ.ഇ.ഡബ്ല്യു.എസ്. ഹാള്‍. അച്ഛനോട് ഞാനാദ്യമേ പറഞ്ഞു, 'അച്ഛാ നൃത്തത്തിന്റെ കാര്യം പത്രക്കാര്‍ ആരുമറിയരുത്' എന്ന്. അത്ര ടെന്‍ഷനിലായിരുന്നു ഞാന്‍. പരാജയപ്പെട്ടാല്‍ പിന്നെ ഒരു തിരിച്ചുവരവുണ്ടാകില്ല, അതെനിക്കുറപ്പായിരുന്നു. പക്ഷേ, നൃത്തംചെയ്തുതുടങ്ങിയപ്പോള്‍ ഞാനൊന്നുമറിഞ്ഞില്ല. മൂന്നുമണിക്കൂര്‍ തുടര്‍ച്ചയായി നൃത്തംചെയ്തു. അന്നവിടെ സദസ്സിലുണ്ടായിരുന്ന പ്രശസ്ത തെലുങ്ക് സിനിമാ പ്രൊഡ്യൂസര്‍ രാമോജി റാവു, എന്റെ ജീവിതകഥ സിനിമയാക്കുമെന്ന് പ്രഖ്യാപിച്ചു. 'മയൂരി' എന്ന സിനിമ. അഞ്ചു ഭാഷകളില്‍ ഡബ്ബ് ചെയ്ത ആ സിനിമ വന്‍ ഹിറ്റായിരുന്നു.
പീന്നീട് ഡോ. സേഥിയെ കണ്ടിരുന്നോ?
അദ്ദേഹവുമുണ്ടായിരുന്നു ആ സദസ്സില്‍. ഞാന്‍ ഡോക്ടറോട് പറഞ്ഞു, 'ഇതുപോലെ ഇരുപത്തഞ്ച് സുധാ ചന്ദ്രന്മാരെങ്കിലും വേണം.' കുറേ കാലം കഴിഞ്ഞ്, രണ്ട് കാലുമില്ലാത്തവര്‍ കൃത്രിമക്കാല്‍ വച്ച് നൃത്തം ചെയ്ത ഒരു പരിപാടിയില്‍ ഞാന്‍ പങ്കെടുത്തു. അന്ന് ഡോക്ടര്‍ പറഞ്ഞു, 'നിങ്ങള്‍ 25 പേരെയല്ലേ ചോദിച്ചുള്ളൂ, ഞങ്ങള്‍ 50 പേരെ തന്നില്ലേ' എന്ന്.
ചെറിയ പ്രശ്‌നങ്ങള്‍ വരുമ്പോള്‍പോലും തളര്‍ന്നുപോകുന്ന പലര്‍ക്കും ഒരു മാതൃകയാണ് സുധയുടെ ജീവിതം?
പലരും പറയാറുണ്ട് ഇത്. ഇന്നതൊക്കെ ഓര്‍ക്കുമ്പോള്‍ എനിക്കും അദ്ഭുതം തോന്നും. ആത്മബലം മാത്രമായിരുന്നുവെന്റെ കൈമുതല്‍. പിന്നെ, എന്റെ അച്ഛനമ്മമാരുടെ പിന്തുണയും. ഞാനൊരു സ്വപ്‌നമേ കണ്ടിരുന്നുള്ളൂ. പക്ഷേ, ഈശ്വരന്‍ എനിക്കൊരുപാട് തന്നു.
ഇടയ്ക്ക് ചില സ്‌കൂള്‍കുട്ടികള്‍ എന്നെ വിളിക്കാറുണ്ട്. കാരണം, മഹാരാഷ്ട്ര സര്‍ക്കാറിന്റെ രണ്ടാംക്ലാസിലെ ഇംഗ്ലീഷ് പാഠപുസ്തകം, ആന്ധ്രാ സര്‍ക്കാറിന്റെ ഒമ്പതാംക്ലാസിലെ ഇംഗ്ലീഷ് പാഠപുസ്തകം, ഗുജറാത്തില്‍ ഏഴാംക്ലാസുകാര്‍ക്കുള്ള പാഠപുസ്തകം, വെസ്റ്റ് ബംഗാളിലെ പത്താംക്ലാസുകാര്‍ക്കുള്ള പാഠപുസ്തകം എന്നിവയിലൊക്കെ എന്റെ ജീവിതകഥയുണ്ട്. കുട്ടികള്‍ക്ക് അദ്ഭുതമാണ്, ഒരു കാല്‍ നഷ്ടപ്പെട്ടിട്ടും നൃത്തംചെയ്യുന്നു എന്നു കേള്‍ക്കുമ്പോള്‍ (ഒരു നിമിഷനേരത്തെ നിശ്ശബ്ദത). ഇതൊന്നും എന്റെ സ്വപ്‌നങ്ങളില്‍ ഉണ്ടായിരുന്നില്ലല്ലോ.
എങ്ങനെയാണ് ഓരോ പ്രശ്‌നങ്ങളെയും നേരിടുന്നത്?
ഞാനെല്ലാ കാര്യത്തിലും വളരെ പ്രാക്ടിക്കല്‍ ആണ്. വൈകാരികമായി ഒരു പ്രശ്‌നത്തെയും സമീപിക്കുന്നത് എനിക്കിഷ്ടമല്ല. ചിലരുണ്ട്, ഭയങ്കര ഇമോഷണലായി മാത്രമേ അവര്‍ക്ക് എന്തും നേരിടാനാവൂ. പക്ഷേ, വൈകാരികമായി സംസാരിക്കുമ്പോള്‍ നമ്മളെ ആരും ശ്രദ്ധിക്കില്ല. നേരെമറിച്ച് തന്റേടത്തോടെ ആധികാരികമായി കാര്യങ്ങള്‍ പറയുമ്പോള്‍ ആരുമൊന്ന് നോക്കും. എന്റെ അമ്മ എപ്പോഴും പറയാറുള്ളൊരു കാര്യമായിരുന്നു ഇത്. പലരും പറയാറുണ്ട്, സുധ ഭയങ്കര കടുംപിടിത്തക്കാരിയാണെന്ന്.
ചില ദിവസങ്ങളില്‍ സീരിയലിന്റെ ഷൂട്ടിങ് തുടങ്ങാന്‍ വൈകും. സീരിയലിന്റെ ആളുകള്‍ വന്നെന്നോട് സോറി പറയും. അപ്പോള്‍ ഞാന്‍ ചോദിക്കും 'എന്തിനാ സോറി പറയുന്നത്. ഞാന്‍ കൃത്യമായി പ്രതിഫലം വാങ്ങിയിട്ടാണ് അഭിനയിക്കുന്നത്.'
ഞാനെല്ലാ സമയത്തും ബിസി ആയിരിക്കാനാണ് ശ്രമിക്കാറുള്ളത്. ചിത്രീകരണം, നാടകാവതരണം, നൃത്തപ്രദര്‍ശനം... ജീവിതത്തില്‍ വിശ്രമമെന്നൊന്ന് ഇപ്പോഴില്ല. അങ്ങനെയായാല്‍ ഒരു നെഗറ്റീവ് ചിന്തയും മനസ്സിലേക്ക് കടന്നുവരില്ല. വെറുതെയിരുന്നാലാണ് പ്രശ്‌നം.
എല്ലാ ജനവരി ഒന്നിനും ഞാനെന്റെ ഡയറിയില്‍ ഇങ്ങനെ കുറിക്കും. I am the best and am going to change the face of the country. അങ്ങനെയാണ് ഞാനെന്റെ ഒരുവര്‍ഷം തുടങ്ങുന്നത്. അപ്പോള്‍ എന്തെന്നില്ലാത്ത ആത്മവിശ്വാസം തോന്നും.
സുധയുടെ ഒരു ദിവസം എങ്ങനെയാണ്?
എന്നും രാവിലെ അഞ്ചരയ്ക്ക് എണീറ്റ് ജിമ്മില്‍ പോവും. രണ്ടുമണിക്കൂര്‍ അവിടെയാവും. പിന്നെ തിരിച്ചുവന്ന് എട്ടരയാവുമ്പോഴേക്ക് വീട്ടില്‍ നിന്നുമിറങ്ങും. ഒന്‍പതുമുതല്‍ രാത്രി ഒന്‍പതുവരെ ഷൂട്ടിങ്. രാത്രി വീട്ടിലെത്തുമ്പോഴേക്ക് ഒമ്പതര കഴിയും. മാസത്തില്‍ കുറച്ചുദിവസമെങ്കിലും നൃത്തപരിപാടികളുമായി യാത്രയിലായിരിക്കും. ഇപ്പോള്‍ രണ്ടു സീരിയലുകളില്‍ അഭിനയിക്കുന്നുണ്ട് ഞാന്‍. സണ്‍ ടി.വി.യില്‍. പിന്നെ അമൃത ടി.വി.യിലെ സൂപ്പര്‍ ഡാന്‍സര്‍ ജൂനിയറിലെ ജഡ്ജിങ് പാനലിലുമുണ്ട്.
ഈ വിജയങ്ങള്‍ക്ക് ആരുടെയെങ്കിലും സഹായമുണ്ടായിരുന്നോ?
പല കാര്യങ്ങളും എനിക്ക് പഠിപ്പിച്ചുതന്ന എന്റെ അച്ഛനോടും അമ്മയോടും. അപകടത്തില്‍ കാല്‍ നഷ്ടപ്പെട്ട സമയത്ത് എന്റെയൊപ്പം നിന്നത് അവരായിരുന്നു. 'വയ്യാത്ത കുട്ടിയാണ് നീ, ഇനി ഡാന്‍സൊന്നും കളിക്കണ്ട' എന്ന് പലരും പറഞ്ഞപ്പോഴും അച്ഛനും അമ്മയും മാത്രം പറഞ്ഞു, 'ഗോ ഔട്ട് ആന്‍ഡ് ഫൈറ്റ്' എന്ന്.
(from Mathrubhumi 1-1-2011)
No comments:
Post a Comment